Thursday, August 27, 2015

                                                അറേബ്യന്‍ ലഹരി                              ചിങ്ങം-11-1191


  ...തുടര്‍ച്ചയാണ്,  നുര പതഞ്ഞു തീരം തേടുന്ന തിരകള്‍ പോലെ..
    പതര്‍ച്ചയാണ്,  വെയിലേറ്റു വാടുന്ന പുഞ്ചക്കതിര് പോലെ
    പ്രതീക്ഷയാണ്, പടിക്കലേക്കെഴുന്ന അമ്മക്കണ്ണിലെ ദൈന്യം പോലെ
    അകല്‍ച്ചയാണ്,  പുതുനാമ്പുകള്‍ കുഞ്ഞു കലപിലകള്‍ കൂട്ടിയ പോലെ
    നിഴലൊച്ചയാണ്, നിലാരാവില്‍ ആരോ പാടുന്ന വിരഹഗാനം പോലെ..
                ഇവയൊക്കെ  ഇഴ ചേര്‍ത്ത് തുന്നിയ പാട്ടാണ് പ്രവാസം..
               
             മേല്‍പറഞ്ഞ കൊടുമപ്പെട്ട  വരികള്‍ കൊണ്ടൊക്കെ കവി ഭാവനയുള്ളവന് പ്രവാസത്തെ നിര്‍വചിക്കാം..അല്ലെങ്കിലും പ്രവാസത്തിലൊരു ലഹരിയുണ്ട്..

          നാട്ടില്‍ വറുതിയുള്ളവന്‍, മാസാന്ത്യത്തില്‍ കയ്യിലെത്തിയതില്‍ ഒരു പങ്ക്  നാട്ടിലേക്കയച്ച് അതിന്‍റെ acknowledgement ഫോണ്‍ വഴി കിട്ടുമ്പോള്‍, ബോധം മറയും വരെ മദ്യക്കോപ്പ ചുണ്ടോടു ചേര്‍ത്ത് പിടിച്ചാലും ഇത് സാധ്യമല്ല എന്നവനോട് സ്വയം പറയുന്നത്.. അതാവണം അവന്‍റെ അറേബ്യന്‍ ലഹരി...

         കലാലയത്തില്‍ വിളയാടുന്ന കാലത്ത് കണ്ടു കൂട്ടിയ സ്വപ്നമെന്ന ഓട്ടപാത്രങ്ങള്‍, കടലിനക്കരെ യാഥാര്‍ത്ഥ്യമാവുമ്പോള്‍  സ്വപ്ന-യാഥാര്‍ത്യങ്ങളുടെ അന്തരം കാലക്കണക്കില്‍ നോക്കി താന്‍പോരിമയുടെ ചില്ലുസിംഹാസനത്തിലിരുന്ന്‍ ഒരാള്‍ ചിന്തിക്കുന്നത്..അതാവണം അവന്‍റെ അറേബ്യന്‍ ലഹരി..

        മൂന്നാമതൊരാള്‍ പണം കൊണ്ടളന്ന പ്രണയവാഗ്ദാനം നിറവേറ്റാന്‍, തന്‍റെ സ്വത്വം കളഞ്ഞു പറന്നുപോയി ജീവിതം ഒരു യുദ്ധഭൂമിയിലെ  പടവെട്ടാക്കി  ഒരുനാള്‍ അവളെയും അവളുടെ സ്വന്തക്കാരെയും തന്‍റെതാക്കി വെട്ടിപ്പിടിക്കാന്‍ ഇനിയൊന്നുമില്ലെന്നറിവില്‍ ലോകത്തോടുള്ള പുച്ഛം നിറഞ്ഞ ചിരി...അതിലുണ്ടാവണം അവന്‍റെ അറേബ്യന്‍ ലഹരി..

           ലഹരികള്‍ ഇനിയുമുണ്ടാവാം..ഇനിയും പാടാത്ത എത്രയോ വരികള്‍ നിറഞ്ഞതല്ലേ പ്രവാസം..കാത്തിരിക്കൂ..

                                                                                                                     (തുടരും)

Sunday, August 23, 2015

                                            തിരയെടുത്ത മണലെഴുത്തുകള്‍          23 ഓഗസ്റ്റ്‌ 15

                   
                          എന്‍റെ സ്വന്തമായ ബ്ലോഗ്‌..കുത്തിക്കുറിക്കല്‍ പണ്ടേ ഇഷ്ടമുള്ള ഒരു പണിയാണ്.അത്ര കാര്യായിട്ട് ഇല്ല്യന്നെയുള്ളൂ..പേപ്പറില്‍ എഴുതാന്‍ ഇഷ്ടമാണ്.പക്ഷെ അതിമനോഹരമായ കൈപ്പടയുടെ Feedbackകള്‍ ഓര്‍മയില്‍ ഉള്ളത്കൊണ്ട് വേണ്ട എന്ന് വെച്ചു..അതുകൊണ്ടാണ് ഈ E-എഴുത്ത്..

                           എന്തിനാണ് ഈ എഴുത്ത് എന്നല്ലേ..വെറും വെറുതെ..ഒരു ഭ്രാന്ത്..ഇതില്‍ ഇനി ഞാന്‍ എന്തൊക്കെ എഴുതി പോവും എന്ന് ദൈവത്തിനറിയാം..എന്‍റെ ഇഷ്ടങ്ങളെ കുറിച്ച്, ഭ്രാന്തുകളെ കുറിച്ച്, സ്വരുക്കൂട്ടി വെക്കുന്ന സ്വപ്നങ്ങളെ കുറിച്ച്, എന്‍റെ സാമൂഹ്യ രാഷ്ട്രീയ ചിന്തകളെ കുറിച്ച്, കടന്നു പോയ കാലങ്ങളെ കുറിച്ച്, ഞാന്‍ കണ്ട/കാണുന്ന കാഴ്ചകളെ കുറിച്ച് അങ്ങനെ അങ്ങനെ എന്തിനെ കുറിച്ചുമാവം..